വൈത്തിരി: 1892ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച വൈത്തിരി സബ് ജയില്‍ സ്ഥലപരിമിതിയും അടിസ്ഥാനസൗകര്യങ്ങളുടെ കുറവും മൂലം വലിയ പ്രതിസന്ധിയിലാണ്.
26 സെന്റ് സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഈ ജയിലില്‍ തടവുകാരുടെ എണ്ണം വര്‍ധിച്ചതോടെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും അന്തേവാസികള്‍ കടുത്ത ബുദ്ധിമുട്ട് നേരിടുകയാണ്. 16 പേരെ മാത്രം പാര്‍പ്പിക്കാന്‍ ശേഷിയുള്ള ജയിലില്‍ നിലവില്‍ 42 തടവുകാരാണ് കഴിയുന്നത്. തടവുകാരുടെ എണ്ണത്തിന് ആനുപാതികമായി സൗകര്യങ്ങളോ സ്ഥലമോ ഇല്ലാത്തത് സുരക്ഷാ ഭീഷണിയും ഉയര്‍ത്തുന്നുണ്ട്.
ബ്രിട്ടീഷുകാര്‍ നിര്‍മിച്ച കെട്ടിടം പഴകിയും ജീര്‍ണിച്ചും ഉപയോഗശൂന്യമായ അവസ്ഥയിലാണ്. തടവുകാരെ സുരക്ഷിതമായി പാര്‍പ്പിക്കുന്നതിനും അവരുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ജയില്‍ അധികൃതര്‍ ഏറെ പ്രയാസപ്പെടുന്നു. 14 ജീവനക്കാരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ തടവുകാരെ നിയന്ത്രിക്കാനും ജീവനക്കാര്‍ പാടുപെടുകയാണ്. കൃഷ്ണഗിരിയില്‍ നാല് ഏക്കര്‍ സ്ഥലം പുതിയ ജയില്‍ സമുച്ചയം നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ ഏറ്റെടുത്ത് മാസങ്ങള്‍ പിന്നിട്ടിട്ടും തുടര്‍നടപടികളോ നിര്‍മാണപ്രവര്‍ത്തനങ്ങളോ പ്രതീക്ഷിച്ച വേഗതയില്‍ മുന്നോട്ടുപോയിട്ടില്ല. പുതിയ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിട സമുച്ചയം നിര്‍മിച്ചാല്‍ മാത്രമേ നിലവിലെ പ്രതിസന്ധിക്കും സുരക്ഷാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകൂ.
കൃഷ്ണഗിരിയിലെ പുതിയ ജയിലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി വൈത്തിരി സബ് ജയില്‍ അങ്ങോട്ട് മാറ്റണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. പുതിയ കെട്ടിടം യാഥാര്‍ഥ്യമാകുന്നതോടെ തടവുകാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷിതമായ അന്തരീക്ഷവും ഒരുക്കാന്‍ സാധിക്കും. അതിനാല്‍ ബന്ധപ്പെട്ട അധികാരികള്‍ വിഷയം അടിയന്തര പ്രാധാന്യത്തോടെ കണ്ട് കൃഷ്ണഗിരിയിലെ പുതിയ ജയില്‍ സമുച്ചയത്തിന്റെ പണി എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.